മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന സിനിമ റിലീസ് ചെയ്തത് കൃത്യം 40 വർഷത്തിനും നാല് മാസത്തിനും മുമ്പാണ്, 1984 ഓഗസ്റ്റ് 24ന്.
മോഹൻലാലിന്റെ പ്രഥമ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ആദ്യ 70 എംഎം ചലച്ചിത്രം പടയോട്ടം തുടങ്ങി നിരവധി ചലച്ചിത്രങ്ങളുടെ നിർമാതാവും ആധുനിക മലയാള ചലച്ചിത്ര നിർമാണ മേഖലയ്ക്ക് അടിത്തറ പാകിയവരിൽ ഒരാളുമായ നവോദയ അപ്പച്ചനാണ് മൈ ഡിയർ കുട്ടിച്ചാത്തൻ നിർമിച്ചത്. അദ്ദേഹത്തിന്റെ മകനായ ജിജോ പുന്നൂസ് ആണ് അതിന്റെ സംവിധായകൻ.
ജിജോ പുന്നൂസിന്റെ രചനയായ "Barroz: Guardian of D'Gama's Treasure' അടിസ്ഥാനമാക്കി കലവൂർ രവികുമാർ സംഭാഷണം രചിച്ച് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രമാണ് "ബറോസ്' (Barroz: Guardian of Treasures 3D)
"മൈഡിയർ കുട്ടിച്ചാത്തൻ' ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചലച്ചിത്രമായിരുന്നു. വലിയ സ്വീകാര്യതയാണ് ആ ചലച്ചിത്രത്തിന് ആരംഭത്തിലും പിന്നീട് 1997-ലും 2011-ലും റീ-റിലീസ് ചെയ്തപ്പോഴും മറ്റുഭാഷകളിൽ പുനർനിർമിച്ചപ്പോഴും ലഭിച്ചത്. അത് പൂർണമായും കുട്ടികളെ കാഴ്ചക്കാരായി മുന്നിൽ കണ്ടുകൊണ്ട് നിർമിച്ച ചലച്ചിത്രമായിരുന്നു.
മുത്തശി കഥകളെന്നും ഫെയറി ടെയ്ലുകളെന്നും അറിയപ്പെടുന്ന ഒരു വിഭാഗം കഥകളും നോവലുകളും ചലച്ചിത്രങ്ങളും ആവേശത്തോടെ സ്വീകരിക്കുന്ന കുട്ടിക്കൂട്ടം എപ്രകാരമാണ് മൈ ഡിയർ കുട്ടിച്ചാത്തനെ സ്വീകരിച്ചത്.
ആ ചലച്ചിത്രത്തിന്റെ ഒരു ആധുനിക രൂപമാണ് "ബറോസ്'. മലയാള സിനിമയിലെ അക്കാലത്തെ വലിയ ബജറ്റ് ആയിരുന്ന 45 ലക്ഷം രൂപയാണ് മൈ ഡിയർ കുട്ടിച്ചാത്തനു വേണ്ടി അന്ന് നവോദയ മുടക്കിയതെങ്കിൽ ഇന്ന് 50 കോടിയാണ് ബറോസിനു വേണ്ടി ആശീർവാദ് സിനിമാസ് ചെലവഴിച്ചിരിക്കുന്നത്.
"കുട്ടി പ്രേക്ഷകരെ' മുന്നിൽകണ്ട് ഇത്ര വലിയ ഒരു തുക ഒരു ചലച്ചിത്രത്തിനുവേണ്ടി നീക്കിവയ്ക്കാൻ തയാറായ ആശീർവാദ് സിനിമാസും നിർമാതാവ് ആന്റണി പെരുമ്പാവൂരും ആദ്യ സംവിധാന സംരംഭം കുട്ടികൾക്കുവേണ്ടി മാറ്റിവച്ച മലയാളികളുടെ പ്രിയനടൻ മോഹൻലാലും അഭിനന്ദനം അർഹിക്കുന്നു.